English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

വെണ്മലൈനാട് എന്നറിയപ്പെട്ടിരുന്ന പഴയ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു പുരാതനകാലത്ത് വൈക്കം. വെണ്‍മലൈനാട് പിന്നീട് വടക്കുംകൂര്‍, തെക്കുംകൂര്‍ എന്ന് രണ്ടായി പിരിഞ്ഞപ്പോള്‍ വൈക്കം വടക്കുംകൂര്‍ രാജവംശത്തിന്റെ അധികാരത്തില്‍പ്പെട്ട പ്രദേശമായി. 1742-ല്‍ മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂറിനെ ആക്രമിച്ചു കീഴടക്കി തിരുവിതാംകൂറിനോട് ചേര്‍ക്കുന്നതുവരെ പ്രമാണികമായ പട്ടണമായിരുന്നു വൈക്കം. പിന്നീട് റാണി ലക്ഷ്മിഭായി റീജന്റായി ഇവിടെ ഭരണം നടത്തി. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പാലിറ്റികളിലൊന്നാണ് വൈക്കം. 1924-ല്‍ നടന്ന വൈക്കം സത്യാഗ്രഹത്തോടുകൂടിയാണ് ദേശീയതലത്തില്‍ വൈക്കം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. എന്നാല്‍ വൈക്കം ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ പേരില്‍ വൈക്കം പണ്ടു മുതല്‍‌ക്കേ തന്നെ കേരളമൊട്ടുക്ക് അറിയപ്പെട്ടിരുന്നു. ദേശീയ സ്വാതന്ത്ര്യസമരകാലത്ത് കേരളത്തില്‍ നടന്ന സുപ്രധാന സമരങ്ങളിലൊന്നായ വൈക്കം സത്യാഗ്രഹം നടന്നത് ഈ പ്രദേശത്താണ്. എല്ലാ ജാതി-മതസ്ഥര്‍ക്കും പൊതുവഴിയില്‍ കൂടി സഞ്ചരിക്കുവാനുള്ള അവകാശം നേടിയെടുക്കുന്നതിലേക്കായിരുന്നു ഇത് നടത്തപ്പെട്ടത്. സഞ്ചാര സ്വാതന്ത്ര്യത്തിനും, അയിത്തത്തിനും, സവര്‍ണ്ണാധിപത്യത്തിനുമെതിരെ നടന്ന വൈക്കം സത്യാഗ്രഹത്തില്‍ വൈക്കം ക്ഷേത്ര കവാടത്തില്‍ മഹാത്മാഗാന്ധി പ്രസംഗിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ചുരുക്കം ചിലരില്‍ നിക്ഷിപ്തമായിരുന്നു. ജാതിവ്യവസ്ഥയും, ഉച്ചനീചത്വങ്ങളും അതിന്റെ പാരമ്യത്തിലെത്തി നിന്നിരുന്ന പ്രദേശമായിരുന്നു ഇവിടം. വഴി നടക്കാനുള്ള സ്വാതന്ത്ര്യം, ജീവിയ്ക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണെന്നുള്ള തിരിച്ചറിവായിരുന്നു വൈക്കം സത്യാഗ്രഹത്തിലേക്ക് നയിച്ചത്. പിന്നീടുള്ള മാറ്റങ്ങള്‍ക്ക് അതോടെ ഗതിവേഗം വര്‍ദ്ധിച്ചു. ടി.കെ.മാധവന്റെ നേതൃത്വത്തിലാണ് വൈക്കം സത്യാഗ്രഹം നടന്നത്. സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത ചിറ്റേടത്തു ശങ്കുപിള്ള രക്തസാക്ഷിയാവുകയും, മൂവാറ്റുപുഴ രാമന്‍ ഇളയതിനെ സവര്‍ണ്ണര്‍ അന്ധനാക്കുകയും, ചോതിയേയും, മുത്തുസ്വാമിയേയും പോലീസ് തല്ലിച്ചതച്ച് കെട്ടിത്തൂക്കുകയും ചെയ്തു. ഗാന്ധിജിയും, അലിസഹോദരന്‍മാരും ഒരുമിച്ചു പ്രവര്‍ത്തിച്ച വേളയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യസമരത്തിന് പുത്തനുണര്‍വ്വ് കൈവന്നു. ഇ.വി.രാമസ്വാമി നായ്ക്കര്‍, കേളപ്പന്‍, ടി.കെ.മാധവന്‍, എ.കെ.ജി, കെ.പി.കേശവമേനോന്‍ എന്നിവര്‍ സത്യാഗ്രഹ സമരത്തിന് നേതൃത്വം കൊടുത്തിരുന്ന അവസരത്തില്‍ പഞ്ചാബിലെ അകാലികള്‍ ഇവിടെ വന്നെത്തി സത്യാഗ്രഹികളുടെ ഭക്ഷണകാര്യത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമേറ്റെടുത്ത് പ്രവര്‍ത്തിച്ചിരുന്നു. പി.കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഇവിടെ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് മഹത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തി. വൈക്കത്തഷ്ടമി നാളില്‍ ദര്‍ശനത്തിനു വരുന്ന സാഹിത്യകാരന്‍മാര്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ് സന്‍‌മാര്‍ഗ്ഗ പോഷിണി സഭ. ഈ സ്ഥാപനമാണ് ഇന്നത്തെ ഗവ:ഹയര്‍ സെക്കന്ററി സ്ക്കൂള്‍. 150 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു ലോവര്‍ പ്രൈമറി സ്കൂളും, 110 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു ഹൈസ്കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കഥകളി രംഗത്ത് മുന്‍പ് സജീവമായിരുന്ന സ്ഥാപനമാണ് വൈക്കത്തപ്പന്‍ കഥകളി ക്ലബ്. വേക്കല്‍ റോഡ്, സ്കാവഞ്ചഴ്സ് ക്വാര്‍ട്ടേഴ്സ് റോഡ്, കോലോത്തും കടവ് റോഡ് എന്നിവയാണ് ഇവിടുത്തെ ആദ്യകാല ഗതാഗതപാതകള്‍. വൈക്കം പരസ്പര സഹായസഹകരണ ബാങ്ക് 1926-ല്‍ രൂപം കൊണ്ട സ്ഥാപനമാണ്. പ്രസിദ്ധമായ മഹാദേവ ക്ഷേത്രം, ഉദയനാപുരം ക്ഷേത്രം മുതലായ ഹൈന്ദവാരാധനാലയങ്ങളും, പുരാതനമായ ചില ക്രിസ്ത്യന്‍ - മുസ്ലീം പള്ളികളുമാണ് വൈക്കത്തെ പ്രധാന ആരാധനാലയങ്ങള്‍. ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കത്ത് എ.ഡി 1539-ല്‍ നിര്‍മ്മിച്ചതാണ് ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രം. പി.കൃഷ്ണപിള്ള, വൈക്കം മുഹമ്മദ്‌ ബഷീര്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, പാലാ നാരായണന്‍ നായര്‍ തുടങ്ങിയ പ്രമുഖവ്യക്തികള്‍ ദേശീയപ്രസ്ഥാനത്തിന്റേയും ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചവരില്‍ പ്രധാനികളാണ്. കോട്ടയം-എറണാകുളം, ആലപ്പുഴ-മധുര, കുമരകം-കമ്പം എന്നീ സംസ്ഥാന പാതകള്‍ വൈക്കത്തുകൂടിയാണ് കടന്നുപോകുന്നത്.