English| മലയാളം

ആമുഖം

കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലാണ് വൈക്കം നഗരസഭ സ്ഥിതി ചെയ്യുന്നത്. വൈക്കം, നടുവില എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വൈക്കം നഗരസഭയ്ക്ക് 8.73 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് ഉദയനാപുരം പഞ്ചായത്തും, കിഴക്കുഭാഗത്ത് ഉദയനാപുരം, തലയാഴം പഞ്ചായത്തുകളും, തെക്കുഭാഗത്ത് ടി.വി.പുരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ടു കായലും, ചേന്നം-പള്ളിപ്പുറം പഞ്ചായത്തുമാണ് വൈക്കം നഗരസഭാ പ്രദേശത്തിന്റെ അതിരുകള്‍. തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിലുള്ള നെല്‍കൃഷി നിലങ്ങള്‍, മണല്‍ പ്രദേശങ്ങള്‍, പടിഞ്ഞാറുഭാഗത്തുള്ള കായല്‍ത്തീരപ്രദേശം, താഴ്ന്ന പ്രദേശങ്ങള്‍, സമതല പ്രദേശങ്ങള്‍, തീരദേശം എന്നിങ്ങനെ വൈക്കം നഗരപ്രദേശത്തിന്റെ ഭൂപ്രകൃതിയെ തരം തിരിക്കാം. മണല്‍ മണ്ണ്, എക്കല്‍മണ്ണ്, ചെളി കലര്‍ന്ന മണ്ണ്, പാടശേഖരങ്ങളിലെ എക്കല്‍ നിക്ഷേപം എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍. സമശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിത്. സമുദ്രനിരപ്പില്‍ നിന്ന് വളരെയൊന്നും ഉയരത്തിലല്ലാതെയാണ് ഈ പ്രദേശത്തിന്റെ കിടപ്പ്. കായലും പുഴകളും ഇടകലര്‍ന്ന പ്രകൃതിരമണീയമായ ഭൂപ്രദേശമാണിവിടം. ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം അരങ്ങേറിയത് ഇവിടെയാണ്.

 

പൊതുവിവരങ്ങള്‍

 

ജില്ല                                : കോട്ടയം 
വിസ്തീര്‍ണ്ണം                     : 8.73 ച.കി.മി
കോഡ്                             : M050200 
വാര്‍ഡുകളുടെ എണ്ണം          : 26  
ജനസംഖ്യ                          : 22637
പുരുഷന്മാര്‍                 ‍    : 10955
സ്ത്രീകള്‍‍                          : 11682
ജനസാന്ദ്രത                         : 2496
സ്ത്രീ : പുരുഷ അനുപാതം   : 1030
മൊത്തം സാക്ഷരത               : 78
സാക്ഷരത (പുരുഷന്മാര്‍ )    : 97
സാക്ഷരത (സ്ത്രീകള്‍ )         : 90
Source : Census data 2001